കള്ളം പറയുക എന്നാല്‍ വലിയ പാപമാണെന്നാണ് നാം മുതിര്‍ന്നവര്‍ കുട്ടികളെ പഠിപ്പിക്കുന്നത്.
അത് കൊണ്ട് കട്ടികള്‍ തീരെ കള്ളം പറയാറില്ല എന്നല്ല, പക്ഷെ കള്ളം പറയുമ്പോഴും ആ കുഞ്ഞു മനസ്സിന് സ്വയം അറിയാമായിരിക്കും താന്‍ ഒരു "കൊടിയ പാപ"മാണ് ചെയ്യുന്നത് എന്ന്.
അത് കൊണ്ടാണ് "പിള്ള മനസ്സില്‍ കള്ളമില്ല" എന്ന് പറയുന്നത്.
എന്നാല്‍ ആ കുട്ടി മുതിര്‍ന്ന ഒരാളായ ശേഷം കള്ളം പറയേണ്ടി വരുമ്പോഴോ?
അത് വെറുമൊരു "തെറ്റ്" ആണെന്ന് മാത്രമേ അവന്‍ കരുതൂ....
അത്തരം സാഹചര്യങ്ങളിലാണ് "പഠിച്ച കള്ളന്‍ " എന്ന ചൊല്ല് അനര്‍ത്ഥമാകുന്നത്.
ഇനി ആ കുട്ടി ഒരു കാമുകന്‍ ആയി നുണ പറയേണ്ടി വരുമ്പോഴോ?
അവിടെ നുണ പറയല്‍ ഒരു കലയായി മാറുകയാണ്.
സത്യത്തില്‍ എങ്ങിനെ കലാപരമായും കാവ്യാത്മകമായും നുണ പറയാം എന്ന് ഒരു മനുഷ്യന്‍ പഠിക്കുന്ന കാലമാണ് "പ്രണയ കാലം".
യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങള്‍ ഇല്ല എന്നാണല്ലോ പണ്ടേതോ യുദ്ധക്കൊതിയനായ കള്ളക്കാമുകന്‍ പറഞ്ഞിരിക്കുന്നത്.
ഇനി ആ കുട്ടി പഠിച്ച് ഒരു വക്കീലായി മാറിയെന്നിരിക്കട്ടെ, അപ്പോഴോ?
അവിടെ കള്ളം പറയുക എന്നാല്‍ പാപമോ കലയോ അല്ല, മറിച്ച് അയാളുടെ ജീവിത വൃത്തിയായി മാറുകയാണ്.
ഒരു പാപം എങ്ങിനെ നിയമ സാധുതയുള്ളതാക്കാം എന്ന് മനസ്സിലായില്ലേ?
ചുമ്മാ ലോ കോളേജില്‍ പോയി പഠിച്ചാല്‍ മതി.
ഇനി ലോ കോളേജില്‍ എന്നല്ല സ്കൂളില്‍ പോലും പഠിക്കാതെ അവനെങ്ങാനും ഒരു രാഷ്ട്രീയക്കാരനായി മാറിയാലോ?
അവിടെ കള്ളം പറയല്‍ അല്ലെങ്കില്‍ കള്ളം മാത്രം പറയല്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ട അവന്റെ ഒരു അവകാശമായി മാറുന്നു.
കാരണം ഏറ്റവും നല്ല നുണ പറയുന്നവരെ മാത്രമേ പൊതുജനമെന്ന കഴുതകള്‍ വിജയിപ്പിക്കൂ. രാഷ്ട്രീയക്കാരുടെ നാവില്‍ നിന്നും കല്ല് വച്ച നുണകള്‍ മാത്രമേ പ്രതീക്ഷിക്കാവൂ എന്ന് പൊതുജനങ്ങള്‍ക്കും അറിയാം.
ഇനി കുട്ടി വലുതായി കോര്‍പ്പറേറ്റ് ലോകത്ത് എത്തിയെന്നിരിക്കട്ടെ.
ഒരു കീഴുദ്ദ്യോഗസ്തന്‍റെ വീക്ഷണത്തില്‍ കള്ളം പറയല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ താല്‍ക്കാലികമായി രക്ഷപ്പെടാനുള്ള ഒഴിവു കഴിവ് മാത്രമാണെങ്കില്‍ ഒരു ബോസ്സിനെ സംബന്ധിച്ചിടത്തോളം കള്ളം പറയല്‍ ഒരു "മാനേജ്മെന്റ്റ് ടൂള്‍" (മേസ്ത്രി ശശിയുടെ ഭാഷയില്‍ "പണിയായുധം") തന്നെയാണ്.
ഇവിടെയോന്നുമല്ല കള്ളം പറയലിന്റെ യഥാര്‍ത്ഥ മഹത്വം.
അത് പെണ്ണ് കെട്ടിയവര്‍ക്കേ അറിയൂ...
പെണ്ണ് കെട്ടിയവര്‍ക്ക് കള്ളം പറയല്‍ പാപമല്ലെന്ന് മാത്രമല്ല, അത് വെറും കലയോ പ്രൊഫഷണോ എക്സ്ക്യൂസോ മാനെജ്മെന്റ് ടൂളോ പോലുമല്ല.
ഒരു ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം കള്ളം പറയല്‍ അതിജീവനത്തിന്റെ പ്രശ്നമാണ്. നുണ പറയുക എന്ന കല അല്ലെങ്കില്‍ മാനേജ്മെന്റ്റ് ടൂള്‍ ഉള്ളത് കൊണ്ട് മാത്രമാണ് ചരിത്രാതീത കാലം മുതല്‍ക്കുള്ള ഭര്‍ത്താക്കന്മാര്‍ അവരുടെ ആയുസ്സെത്തി മരിച്ചത്. നേരത്തെ പറഞ്ഞ പോലെ "യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങള്‍ ഇല്ല" . ഒരു ഭര്‍ത്താവിന്റെ ജീവിതം തന്നെ ഒരു യുദ്ധമാണല്ലോ, അവിടെ നിയമങ്ങള്‍ പാലിച്ച് യുദ്ധം ചെയ്ത ചില മണ്ടന്മാരായ ഭര്‍ത്താക്കന്മാര്‍ ഒരു പക്ഷെ ആയുസ്സെത്താതെ മരിച്ചിരിക്കാം.