ഡോ.ബി ആര്‍ അംബേദ്കറെ കുറിച്ചുള്ള സിനിമ പതിനാറ് വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. മമ്മൂട്ടിയെ അംബേദ്കറാക്കി ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ ഉള്‍പ്പെടെ പല സംസ്ഥാനത്തും റിലീസ് ചെയ്തിട്ടില്ല. കലാമൂല്യമുള്ള സിനിമകളും ദേശിയോദ്ഗ്രഥന ചിത്രങ്ങളും സംപ്രേഷണം ചെയ്യാറുള്ള ദേശീയ ചാനല്‍ ദൂരദര്‍ശന്‍ ഇതേവരെ സിനിമ കാണിച്ചിട്ടില്ല.
ഇന്ത്യാഗവണ്‍മെന്റും മഹാരാഷ്ട്ര സര്‍ക്കാരും എന്‍എഫ്ഡിസിയും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ് ഡോ.ബാബാ സാഹേബ് അംബേദ്കര്‍. മലയാളത്തില്‍ ഉള്‍പ്പെടെ ഒമ്പത് ഭാഷകളില്‍ ഡബ്ബ് ചെയ്തു. പതിനാറ് വര്‍ഷം മുമ്പ് 8 കോടിയാണ് ചിത്രത്തിന് വേണ്ടി മുതല്‍ മുടക്കിയത്.
ഡോ.ബാബാ സാഹേബ് അംബേദ്കര്‍ എന്ന സിനിമയുടെ പൂര്‍ണരൂപം യൂട്യൂബില്‍ ലഭ്യമാണ്.
200 ഡിസംബര്‍ 15നാണ് ഈ ചിത്രം മഹാരാഷ്ട്രയില്‍ റിലീസ് ചെയ്തത്. അംബേദ്കറിന്റെ 125 ആം ജന്മവാര്‍ഷികത്തില്‍ ചിത്രം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കില്‍ നടന്നില്ല. ദൂരദര്‍ശന്‍ തമിഴ് ചാനല്‍ മാത്രമാണ് സിനിമയുടെ തമിഴ് പതിപ്പ് സംപ്രേഷണം ചെയ്തിരുന്നത്.
സിനിമയുടെ സാറ്റലൈറ്റ്, വീഡിയോ, റിലീസിങ് അവകാശങ്ങള്‍ ഭാഗ്യശ്രീ എന്റര്‍പ്രൈസസ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡിനാണ് എന്‍.എഫ്.ഡി.സി നല്‍കിയിരുന്നത്. ഈ കമ്പനി തുക മുഴുവനായി അടയ്ക്കാന്‍ തയ്യാറാകാത്തതാണ് റിലീസ് നടക്കാത്തതിന് കാരണമെന്നായിരുന്നു മുമ്പൊരിക്കല്‍ വിവരാവകാശ അപേക്ഷയില്‍ ലഭിച്ചിരുന്ന മറുപടി. ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും ഹിന്ദുത്വരാഷ്ട്രീയത്തെയും എതിര്‍ക്കുന്ന പരാമര്‍ശങ്ങളും രംഗങ്ങളും സിനിമയിലുണ്ട്. ഇക്കാരണങ്ങളാകാം സിനിമ റിലീസ് ചെയ്യാതിരിക്കാനുള്ള കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും മമ്മൂട്ടിക്ക് കിട്ടി.
