Wednesday, December 7, 2016

രണ്ടു ദിവസം മൃതദേഹത്തിനരികെ



എം.ജി.ആർ മരിച്ചു..


വാർത്തയറിഞ്ഞ് ജയലളിത എം.ജി.ആറിന്‍റെ വസതിയായ രാമാവരത്തേക്ക് കുതിച്ചു. എന്നാൽ ആ വീട്ടിലേക്ക് കയറാൻ അവർക്ക് അനുവാദം ലഭിച്ചില്ല. കുറേ നേരത്തേ പരിശ്രമങ്ങൾക്കൊടുവിൽ വീട്ടിലേക്ക് പ്രവേശിച്ചെങ്കിലും മൃതദേഹം എവിടെയാണെന്ന് പറയാൻ വീട്ടിലുള്ളവർ വിസമ്മതിച്ചു. ഏറെ നേരം കഴിഞ്ഞാണ് എം.ജി.ആറിന്‍റെ മൃതദേഹം പുറകിലെ വാതിലിലൂടെ രാജാജി ഹാളിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞുവെന്ന് മനസ്സിലാക്കുന്നത്.

                


വൈകാതെ തന്‍റെ കാറിൽ ജയലളിത രാജാജി ഹാളിലെത്തി. എല്ലാ എതിർപ്പുകളേയും അവഗണിച്ചുകൊണ്ട് എം.ജി.ആറിന്‍റെ തലക്കൽ തന്നെ അവർ നിന്നു. ഒരു തുള്ളി കണ്ണുനീരു പോലും പൊഴിക്കാതെ. ഒരു നേർത്ത തേങ്ങലടി പോലും ഉയർത്താതെ രണ്ടു ദിവസം അവർ അവിടെത്തന്നെ നിന്നു. അക്ഷരാർഥത്തിൽ രണ്ടു ദിവസം- ആദ്യത്തെ ദിവസം 13 മണിക്കൂറുകളും രണ്ടാം ദിനം എട്ട് മണിക്കൂറുകളും ഒറ്റ നിൽപ്പിൽ തന്നെ നിൽക്കുകയായിരുന്നു അവർ. അവശതക്കോ അസ്വാസ്ഥ്യത്തിനോ പോലും തന്‍റെ ശരീരത്തെ വിട്ടുകൊടുക്കാതെ തന്‍റെ എതിരാളികൾക്കു മുന്നിൽ ഇച്ഛാശക്തി കൊണ്ടുമാത്രം അവർ പിടിച്ചു നിന്നത് 21 മണിക്കൂറുകളായിരുന്നു.


എല്ലാം സഹിക്കുമ്പോഴും ഇനിയെന്ത് എന്ന ഒരൊറ്റ ചോദ്യത്തിന് മാത്രം ഉത്തരം ലഭിച്ചതുമില്ല. 38 വയസ്സായ ഒരു സ്ത്രീ ഒറ്റക്ക്, ഇനി എന്തുചെയ്യണം? വലിയ വാഗ്ദാനങ്ങൾ നൽകി തന്നെ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചുയർത്തിയ ആളാണ് ഇവിടെ ജീവനറ്റ് കിടക്കുന്നത്. അമ്മുവിന് ഒരു ബുദ്ധിമുട്ടും വരാതെ കാത്തോളാമെന്ന് അമ്മക്ക് ഉറപ്പു നൽകിയയാൾ..എ.ജി.ആറിന്‍റെ ഭാര്യ ജാനകിയോടൊപ്പം നിന്ന സ്ത്രീകളും പാർട്ടി പ്രവർത്തകരും അവരെ മാനസികമായും ശാരീരികമായും തളർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. പലരും തള്ളിമാറ്റാനും ശ്രമിച്ചു. ചിലർ കാലിലെ നഖം കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു. എല്ലാ അപമാനങ്ങളും സഹിച്ച് അവർ അവിടെത്തന്നെ നിന്നു.

പക്ഷെ ആ കടുത്ത ദു:ഖത്തിനിടയിലും അവർ പരിസരം മറന്നില്ല. തന്നെ അടുത്ത നേതാവായ കണ്ട പ്രവർത്തകർ പോലും ശത്രുതയോടെയാണ് ഇപ്പോൾ നോക്കുന്നതെന്ന് ജയക്കറിയാമായിരുന്നു. ഇവിടെ.. എം.ജി.ആറിന്‍റെ സമീപത്ത് നിൽക്കാൻ പോലും തനിക്ക് പോരാടേണ്ടി വന്നിരിക്കുന്നു. പക്ഷെ എവിടയെും പരാജയപ്പെട്ട് പിൻവാങ്ങുന്ന സ്വഭാവക്കാരിയായിരുന്നില്ല ജയലളിത.


അന്ത്യയാത്രയുടെ സമയമായി. തനിക്കേറ്റവും പ്രിയപ്പെട്ടയാളുടെ മൃതദേഹവുമായ പുറപ്പെട്ട വാനിലേക്ക് കയറാനൊരുങ്ങിയ ജയലളിതയെ സഹായിക്കാനായി ഒരു പൊലീസുകാരൻ കൈ നീട്ടി. പെട്ടെന്നാണ് എം.എൽ.എ ഡോ. കെ.പി രാമലിംഗം ക്രുദ്ധനായി ജയക്കുനേരെ പാഞ്ഞുവന്നത്. അതേസമയത്ത് തന്നെ ജാനകിയുടെ മരുമകൻ ദീപൻ വണ്ടിയിൽ നിന്ന് അവരെ തള്ളി താഴെയിട്ടു. ദീപനും രാമലിംഗവും 'ലൈംഗിംക തൊഴിലാളി' എന്ന് വിളിച്ചാണ് അവരെ അപമാനിച്ചത്. അപ്പോൾ ജയലളിതക്കുണ്ടായ വേദന, അപമാനം ഇതൊന്നും വാക്കുകൾകൊണ്ട് വിവരിക്കാൻ സാധ്യമല്ല. പിന്നീട് അവർ അവിടെ നിന്നില്ല. അപമാനിതയായി അതിലുപരി താങ്ങാനാവാത്ത ഹൃദയഭാരത്തോടെ അവർ തന്‍റെ കോണ്ടസയിൽ വീട്ടിലേക്ക് തിരിച്ചു.

                   

(വാസന്തി എഴുതിയ 'വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലെ റാണിയിലേക്കുള്ള യാത്ര' എന്ന പുസ്തകത്തിൽ നിന്ന്)