Friday, November 14, 2014

നുണ പുരാണം.


കള്ളം പറയുക എന്നാല്‍ വലിയ പാപമാണെന്നാണ് നാം മുതിര്‍ന്നവര്‍ കുട്ടികളെ പഠിപ്പിക്കുന്നത്.
അത് കൊണ്ട് കട്ടികള്‍ തീരെ കള്ളം പറയാറില്ല എന്നല്ല, പക്ഷെ കള്ളം പറയുമ്പോഴും ആ കുഞ്ഞു മനസ്സിന് സ്വയം അറിയാമായിരിക്കും താന്‍ ഒരു "കൊടിയ പാപ"മാണ് ചെയ്യുന്നത് എന്ന്.
അത് കൊണ്ടാണ് "പിള്ള മനസ്സില്‍ കള്ളമില്ല" എന്ന് പറയുന്നത്.


എന്നാല്‍ ആ കുട്ടി മുതിര്‍ന്ന ഒരാളായ ശേഷം കള്ളം പറയേണ്ടി വരുമ്പോഴോ?
അത് വെറുമൊരു "തെറ്റ്" ആണെന്ന് മാത്രമേ അവന്‍ കരുതൂ....
അത്തരം സാഹചര്യങ്ങളിലാണ് "പഠിച്ച കള്ളന്‍ " എന്ന ചൊല്ല് അനര്‍ത്ഥമാകുന്നത്.


ഇനി ആ കുട്ടി ഒരു കാമുകന്‍ ആയി നുണ പറയേണ്ടി വരുമ്പോഴോ?
അവിടെ നുണ പറയല്‍ ഒരു കലയായി മാറുകയാണ്.
സത്യത്തില്‍ എങ്ങിനെ കലാപരമായും കാവ്യാത്മകമായും നുണ പറയാം എന്ന് ഒരു മനുഷ്യന്‍ പഠിക്കുന്ന കാലമാണ് "പ്രണയ കാലം".
യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങള്‍ ഇല്ല എന്നാണല്ലോ പണ്ടേതോ യുദ്ധക്കൊതിയനായ കള്ളക്കാമുകന്‍ പറഞ്ഞിരിക്കുന്നത്.



ഇനി ആ കുട്ടി പഠിച്ച് ഒരു വക്കീലായി മാറിയെന്നിരിക്കട്ടെ, അപ്പോഴോ?
അവിടെ കള്ളം പറയുക എന്നാല്‍ പാപമോ കലയോ അല്ല, മറിച്ച് അയാളുടെ ജീവിത വൃത്തിയായി മാറുകയാണ്.
ഒരു പാപം എങ്ങിനെ നിയമ സാധുതയുള്ളതാക്കാം എന്ന് മനസ്സിലായില്ലേ?
ചുമ്മാ ലോ കോളേജില്‍ പോയി പഠിച്ചാല്‍ മതി.

ഇനി ലോ കോളേജില്‍ എന്നല്ല സ്കൂളില്‍ പോലും പഠിക്കാതെ അവനെങ്ങാനും ഒരു രാഷ്ട്രീയക്കാരനായി മാറിയാലോ?
അവിടെ കള്ളം പറയല്‍ അല്ലെങ്കില്‍ കള്ളം മാത്രം പറയല്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ട അവന്റെ ഒരു അവകാശമായി മാറുന്നു.
കാരണം ഏറ്റവും നല്ല നുണ പറയുന്നവരെ മാത്രമേ പൊതുജനമെന്ന കഴുതകള്‍ വിജയിപ്പിക്കൂ. രാഷ്ട്രീയക്കാരുടെ നാവില്‍ നിന്നും കല്ല്‌ വച്ച നുണകള്‍ മാത്രമേ പ്രതീക്ഷിക്കാവൂ എന്ന് പൊതുജനങ്ങള്‍ക്കും അറിയാം.

ഇനി കുട്ടി വലുതായി കോര്‍പ്പറേറ്റ് ലോകത്ത് എത്തിയെന്നിരിക്കട്ടെ.
ഒരു കീഴുദ്ദ്യോഗസ്തന്‍റെ വീക്ഷണത്തില്‍ കള്ളം പറയല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ താല്‍ക്കാലികമായി രക്ഷപ്പെടാനുള്ള ഒഴിവു കഴിവ് മാത്രമാണെങ്കില്‍ ഒരു ബോസ്സിനെ സംബന്ധിച്ചിടത്തോളം കള്ളം പറയല്‍ ഒരു "മാനേജ്മെന്റ്റ് ടൂള്‍" (മേസ്ത്രി ശശിയുടെ ഭാഷയില്‍ "പണിയായുധം") തന്നെയാണ്.



ഇവിടെയോന്നുമല്ല കള്ളം പറയലിന്റെ യഥാര്‍ത്ഥ മഹത്വം.
അത് പെണ്ണ് കെട്ടിയവര്‍ക്കേ അറിയൂ...
പെണ്ണ് കെട്ടിയവര്‍ക്ക് കള്ളം പറയല്‍ പാപമല്ലെന്ന് മാത്രമല്ല, അത് വെറും കലയോ പ്രൊഫഷണോ എക്സ്ക്യൂസോ മാനെജ്മെന്റ് ടൂളോ പോലുമല്ല.
ഒരു ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം കള്ളം പറയല്‍ അതിജീവനത്തിന്റെ പ്രശ്നമാണ്. നുണ പറയുക എന്ന കല അല്ലെങ്കില്‍ മാനേജ്മെന്റ്റ് ടൂള്‍ ഉള്ളത് കൊണ്ട് മാത്രമാണ് ചരിത്രാതീത കാലം മുതല്‍ക്കുള്ള ഭര്‍ത്താക്കന്മാര്‍ അവരുടെ ആയുസ്സെത്തി മരിച്ചത്. നേരത്തെ പറഞ്ഞ പോലെ "യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങള്‍ ഇല്ല" . ഒരു ഭര്‍ത്താവിന്റെ ജീവിതം തന്നെ ഒരു യുദ്ധമാണല്ലോ, അവിടെ നിയമങ്ങള്‍ പാലിച്ച് യുദ്ധം ചെയ്ത ചില മണ്ടന്മാരായ ഭര്‍ത്താക്കന്മാര്‍ ഒരു പക്ഷെ ആയുസ്സെത്താതെ മരിച്ചിരിക്കാം.

Thursday, October 30, 2014

ചുംബനം : ചില വഴിവിട്ട സദാചാര ചിന്തകള്‍



സ്നേഹപ്രകടനത്തിനായി മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍  ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ചുംബനം.
ചുണ്ടു കൊണ്ടുള്ള സപർശനത്തെയാണ്‌ ചുംബനം എന്ന് പറയുന്നത് .
ചുംബനം നല്‍കുന്ന അനുഭൂതി ആത്മാവില്‍ ചെന്ന് തൊടുന്നതാണ്‌.

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം.
ചുംബനമില്ലാത്ത പ്രണയത്തെയും ദാമ്പത്യത്തെയും കുറിച്ച് ചിന്തിക്കാനാവില്ലപ്രണയിനിയെ ഒന്നു കെട്ടിപ്പുണര്‍ന്ന്‌ ചുംബിയ്‌ക്കാന്‍ ആഗ്രഹിക്കാത്ത കാമുകന്മാരും ചുംബനം ഏറ്റുവാങ്ങാന്‍ ആഗ്രഹിക്കാത്ത പ്രണയനികളുണ്ടാകില്ല.
ചുണ്ടിന്റെ ഈ വൈകാരിക സാധ്യത മനുഷ്യന്‍ മാത്രമല്ല പ്രയോജനപ്പെടുത്തുന്നത്. മറ്റു പല ജീവികളിലും ഇതേ പോലെയോ ഇതിനു സമാനമായതോ ആയ ചേഷ്ടകൾ കാണാൻ സാധിക്കും.മനുഷ്യന്‍റെ ഈ സ്നേഹ വിനിമയ മാര്‍ഗ്ഗത്തിന് എത്രകാലത്തെ പഴക്കമുണ്ടെന്ന് നരവംശശാസ്ത്രജ്ഞർ ഇതു വരെ കണ്ടെത്തിയിട്ടില്ല. മനുഷ്യൻ ഉണ്ടായ കാലം മുതൽക്കേ ചുംബിച്ചിരുന്നു എന്നു വേണം കരുതാന്‍.
ചുംബനത്തിന്റെ രീതികള്‍ക്കും അര്‍ത്ഥങ്ങള്‍ക്കും പ്രാദേശികവും സാന്ദര്‍ഭികവുമായ ചില വ്യത്യാസങ്ങള്‍ കാണപ്പെടുന്നു.
പ്രണയിക്കുന്നവർ ചുണ്ടുകൾ പരസ്പരം ഉരസിയും കോര്‍ത്തു പിടിച്ചുമാണ് സ്നേഹം പ്രകടിപ്പിക്കുന്നതെങ്കില്‍ അമ്മ മക്കളെ വാത്സല്യ പൂര്‍വ്വം കവിളിലോ നെറ്റിയിലോ ആണ് ചുംബിക്കുന്നത്. അനുഗ്രഹം കൊടുന്നതിനായി ചുംബിക്കുന്നത് നെറ്റിയിലാണ്.

ചുംബനം ഒരു കലയാണ്. മനസ്സിന്റെ ഈണവും ശരീരത്തിന്റെ താളവും വികാരങ്ങളുടെ ആരോഹണാവരോഹണങ്ങളും ചുണ്ടുകളില്‍ സമന്വയിക്കുന്ന കല.

ഇന്നിപ്പോള്‍ സ്നേഹപ്രകടനോപാധി, പ്രണയത്തിന്റെ ഭാഷ, കല, എന്നതൊക്കെ കടന്ന് ചുംബനം ഒരു സമര രീതിയായി പരിണമിച്ചിരിക്കുകയാണല്ലോ. നിസ്സഹകരണ സമരം ,ഉപ്പു സത്യാഗ്രഹം,  നില്‍പ്പ് സമരം ആറു ദിവസം പ്രായമായ കുഞ്ഞിനെ ഉപയോഗിച്ചുള്ള സമരം തുടങ്ങി വിവിധ സമര രീതികള്‍ ലോകത്തിന് സംഭാവന ചെയ്ത ഭാരതത്തില്‍ ചുംബന സമരവും പുതിയ ചരിത്രം കുറിക്കുമായിരിക്കും.

എന്തായാലും ചുംബന ദിനത്തിലും ചുംബന സമരത്തിലുമൊക്കെ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ചുംബനത്തെ കുറിച്ച് അടിസ്ഥാനപരമായ ചില കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഒരുപാട് ചുംബന രീതികള്‍ നിലവിലുണ്ടെങ്കിലും അതില്‍ പ്രധാനപ്പെട്ടതും വ്യത്യസ്‌തമായതുമായ കുറച്ച്  ചുംബനങ്ങളെ ഇവിടെ പരിചയപ്പെടാം

ചുംബന സമരം


1,ഫ്രഞ്ച്‌ കിസ്സ്‌: ചുംബനങ്ങളിലെ രാജാവ് ഫ്രഞ്ച് കിസ് തന്നെ. ചുണ്ടുകളും നാക്കും പരസ്‌പരം നുകരുന്ന രീതിയിലുള്ളതാണ്‌ ഈ ചുംബനം.അതുകൊണ്ട് നാവ് ചുംബനം എന്നും ഇതിന് പേരുണ്ട്. ആത്മ ചുംബനം എന്നതാണ് മറ്റൊരു പേര്. ലൈംഗികമായി ഉത്തേജിക്കപ്പെടുന്നതത്രേത്രേ ഫ്രഞ്ച്‌ കിസ്‌. പശ്ചാത്യ ജനതയ്‌ക്ക്‌ ഏറെ പ്രിയപ്പെട്ട ഈ ചുംബന രീതി ഭാരത സംസ്‌കാരപ്രകാരംവലിയ അപരാധമായാണ്‌ മുന്‍പ്കണ്ടിരുന്നതെങ്കിലും ഇന്ന് കെ എഫ് സി യും പിസായുമൊക്കെ പോലെ നമുക്കും ഏറെ പ്രിയപ്പെട്ടതായി തീര്‍ന്നു ഫ്രഞ്ച്‌ കിസ്‌
2, ബട്ടര്‍ഫ്ലൈ കിസ്സ്‌: കണ്‍പീലികള്‍ തമ്മില്‍ ചേര്‍ത്തുവച്ച്‌ തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന രീതിയാണിത്‌ . ഇണയുടെ കവിളിലോ കഴുത്തിലോ കണ്‍പീലികള്‍ ചേര്‍ത്തു വച്ചും ഈ ചുംബന രീതി ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ പങ്കാളിയ്‌ക്ക്‌ ചുംബനത്തിന്റെ വികാരം ശരിയ്‌ക്കും ആസ്വദിക്കാന്‍ കഴിയുന്നു.
3, സിംഗിള്‍ ലിപ് കിസ്സ്‌ (ഏക അധര ചുംബനം): ഇതൊരു പ്രണയചുംബനമാണ്. ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാല്‍ തഴുകി, നുകരുന്ന രീതിയാണിത് .
4, എക്‌സിമോ കിസ്സ്‌: ചുണ്ടുകളും മൂക്കുകളും പരസ്‌പരം ഉരസുന്ന രീതി. നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ചുംബന രീതി.എസ്‌കിമോകള്‍ക്കിടിയിലെ ഒരു രീതിയായതിനാലാണ് ആ പേര് വന്നത്.
5, ഇയര്‍ലോബ് കിസ്സ്‌ (ചെവിയിലൊരു ചുംബനം): അധര ചുംബനത്തില്‍ നിന്ന് വ്യത്യസ്തമായി ഇണയുടെ മൃദുലമായ കീഴ്‌ച്ചെവി ചുണ്ടുകള്‍ക്കിടയിലാക്കി താഴേക്ക് വലിക്കുകന്ന രീതി .
6,ചീക്ക് കിസ്സ്‌ (കവിള്‍ ചുംബനം): വായടച്ച് പിടിച്ച് ഇണയുടെ കവിളില്‍ ഉമ്മ വെക്കുന്നതാണ് ഈ ചുംബനം. സൗഹൃദ സന്ദേശം നല്‍കാനാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. പങ്കാളിക്ക് ആദ്യരാത്രിയിലെ ആദ്യചുംബനമായി ഇത് നല്‍കാം.
7, നെക്ക് കിസ്സ്‌ : വളരെ വൈകാരികത ഉണര്‍ത്തുന്ന ചുംബനമാണിത്. പിന്നിലൂടെ വന്ന് ഇണയെ മൃദുവായി ആലിംഗനം ചെയ്ത ശേഷം പിന്‍ കഴുത്തില്‍ ചുംബിക്കുന്ന രീതിയാണിത്. പിന്നെ അത് കഴുത്തിന്റെ വശങ്ങളിലേക്ക് പുരോഗമിക്കും.
8, ഹിക്കി കിസ്സ്‌: ചുംബനത്തിനൊപ്പം ഇണയുടെ ചുണ്ടുകളില്‍ മുറിവേല്‍പ്പിക്കുന്ന രീതിയാണിത്‌. പങ്കാളിയുടെ സന്നദ്ധത കൂടി അറിഞ്ഞതിന്‌ ശേഷം മാത്രമേ ഇത്തരമൊരു ചുംബനത്തിന്‌ മുതിരാവൂ. അല്ലെങ്കില്‍ ഇണ തിരിച്ച് എവിടെ മുറിവേല്‍പ്പിക്കും എന്ന് പറയാനാവില്ല.
9,എയ്ഞ്ചല്‍ കിസ്സ്‌ (മാലാഖ ചുംബനം): മധുരമൂറുന്ന ഒരു ചുംബന രീതിയാണിത്. ഇണയുടെ കണ്‍പോളകളിലോ കണ്ണുകളുടെ വശങ്ങളിലോ മൃദുവായി ചുംബിക്കുകയാണ് ചെയ്യേണ്ടത്.
10, സ്പൈഡര്‍ മാന്‍ കിസ്സ്‌ : 2002 ല്‍ ഇറങ്ങിയ സ്പൈഡര്‍ മാന്‍ സിനിമയില്‍ വന്ന ഒരു ചുംബന രീതിയാണിത്. തലകീഴായി വന്ന് മേല്‍ച്ചുണ്ട് കൊണ്ട് ഇണയുടെ കീഴ്ച്ചുണ്ടിലും തിരിച്ചും ചുംബിക്കുന്ന രീതി.
11, എയര്‍ കിസ്സ്‌ : സുഹൃത്തുക്കള്‍ അഭിവാദ്യം ചെയ്യാനായി ഉപയോഗിക്കുന്ന ചുംബന രീതി. കവിളുകള്‍ തമ്മില്‍ ചേര്‍ത്ത് വച്ച് ചുണ്ടുകള്‍ കൊണ്ട് ചുംബന ശബ്ദമുണ്ടാക്കുന്ന രീതി.
12, ഗോഡ്‌ലിയന്‍ കിസ്സ്‌: ഏറെ നേരം നീണ്ടുനില്‍ക്കുന്നുവെന്നതാണ്‌ ഈ ചുംബനത്തിന്റെ സവിശേഷത. ഏറെക്കാലത്തിന്‌ ശേഷം തമ്മില്‍ക്കാണുന്ന കമിതാക്കള്‍ക്ക്‌ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു നല്ല രീതിയാണിത്‌. ചുംബനം നല്‍കുകയാണോ സ്വീകരിക്കുകയാണോയെന്ന്‌ ഈ രിതിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്‌.
13, സമ്പൂര്‍ണ ചുംബനം : പ്രണയത്തിന്റെ ഒരു നിമിഷത്തില്‍ ആവേശത്തോടെ എല്ലാം മറന്ന് നല്‍കുന്ന ചുംബനമാണത്. അപ്പോള്‍ പ്രണയത്തിന്റ പ്രഖ്യാപനം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി ഒതുക്കി നിര്‍ത്താന്‍ ഇണകള്‍ ആഗ്രഹിക്കില്ല.
14, കൂള്‍ ചുംബനം : വായില്‍ ഐസ് ക്യൂബ് വെച്ച് ഇണയുടെ ചുണ്ടില്‍ ചുംബനം നല്‍കുന്ന രീതി. നാവുപയോഗിച്ച് ഐസ് ക്യൂബ് ഇണയ്ക്ക് കൈമാറുകയും ചെയ്യാം.
15, നെറ്റിയില്‍ ചുംബനം : നെറ്റിയില്‍ നല്‍കുന്ന ചുംബനം വാല്‍സല്യത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമാണ്.
16, പാദ ചുംബനം : പ്രണയാതുരതയുടെ സൂചനയാണീ ചുംബനം. പാദവും വിരലുകളും ചുംബിക്കുമ്പോള്‍ ഇണയ്ക്ക് ഇക്കിളിയും ഉണ്ടാകും.
17, ഹാന്‍ഡ് കിസ്സ്‌ : കുനിഞ്ഞ് ഇണയുടെ കരം പിടിച്ച് കൈത്തണ്ടയുടെ പുറത്ത് നല്‍കുന്ന ഈ ചുംബനം അതിപുരാതനമായ ഒരു രീതിയാണ്.
18, വുഡ്‌പെക്കര്‍ കിസ്സ്‌ : മരം കൊത്തി മരത്തില്‍ കൊത്തും പോലെ വേഗത്തില്‍ കഴിക്കുന്ന ചുംബനമാണിത്. 'ഹായ്' എന്ന് അഭിവാദ്യം ചെയ്യും പോലെ ഹ്രസ്വം, ലളിതം. ജോലിക്കും തിരക്കിനുമിടയില്‍ കൈമാറുന്ന ചുംബനമാണിത്.
19, ലിസാര്‍ഡ് കിസ്സ്‌( ഗൌളീ ചുംബനം) : ചുണ്ടില്‍ ചുംബിക്കുന്നതിനോടൊടൊപ്പം പങ്കാളിയുടെ വായിലേക്ക്  നാവ് കടത്തിയുള്ള   രീതിയാണിത്. ചുമ്മാ ഒരു രസത്തിന് വേണ്ടി ഇത് ചെയ്യാം.
20, ബൈറ്റിംഗ് കിസ്സ്‌( ദംശനചുംബനം) :  ഫ്രഞ്ച് കിസ്സിന്റെ അല്‍പ്പം അക്രണോല്‍സുകമായ രീതിയാണിത്. ഫ്രഞ്ച് കിസ്സ്‌ പോലെ തന്നെ ചുണ്ടുകളും നാവും പിന്നെ പല്ലുകളും ഉപയോഗിച്ച് ചെയ്യുന്ന  ചുംബനം, ചുംബനത്തിനിടയില്‍ ഒരു നിമിഷ നേരത്തേക്ക് പങ്കാളിയുടെ നാവില്‍ ചെറുതായി  കടിച്ച് പങ്കാളിയെ പ്രകോപിപ്പിക്കുന്ന ചുംബന രീതി.

ഇതൊക്കെ കൂടാതെ ചുംബനങ്ങളില്‍ രാജാധിരാജനായി നമ്മുടെ സ്വന്തം പറക്കും ചുംബനം ( ഫ്ലെയിംഗ് കിസ്സ്‌ ) നിലകൊള്ളുന്നു. 
പിന്നെ ജീവന്റെ ചുംബനം (കിസ്സ്‌ ഓഫ് ലൈഫ് ) എന്നറിയപ്പെടുന്ന ജീവൻ രക്ഷിക്കാനായി കൃത്രിമശ്വാസോച്ഛാസം നൽകുന്ന പ്രക്രിയയും.
ചുംബനം

ഏതു ചുംബന രീതിയായാലും ചുംബനം ആസ്വാധ്യകരമാക്കാന്‍ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ചുംബനത്തിന്റെ ആസ്വാദ്യത കൂട്ടാനുള്ള ചില കാര്യങ്ങള്‍ താഴെ പറയാം

വായയുടെ ശുചിത്വം ചുംബനത്തിന്റെ ആസ്വാദ്യതക്ക് ഏറ്റവും പ്രധാനമാണ് . നേരിയ വായ്നാറ്റം പോലും പങ്കാളിയുടെ ചുംബിക്കാനുള്ള താല്പര്യം നശിപ്പിക്കാന്‍ ഇടയാക്കും.
പല്ലുകള്‍ക്കിടയില്‍ കുടുങ്ങുന്ന ഭക്ഷണം നാക്കിലെ ഫംഗസ് തുടങ്ങിയവയുടെയൊക്കെ കാര്യത്തില്‍ ശ്രദ്ദ വേണം. ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ടൂത്ത് പിക്ക്, ടംഗ് ക്ലീനര്‍, മൌത്ത് വാഷ് തുടങ്ങിയവയൊക്കെ ചുംബന ചുംബനത്തിന്റെ മാധുര്യം കൂട്ടുന്ന കാര്യത്തില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന ഘടകങ്ങളാണ്.
ചുരുക്കി പറഞ്ഞാല്‍ ചുംബനത്തിനു മുന്‍പ് ഒരു പല്ല് തേപ്പും നാക്ക് വടിക്കലുമൊക്കെ നല്ലതാണെന്നര്‍ത്ഥം.
ലിപ് മോയിശ്ചരൈസര്‍ ഉള്ള ടൂത്ത് ബ്രഷുകള്‍ ഉപയോഗിച്ചാല്‍ ചുണ്ടുകളുടെ പരുക്കന്‍ സ്വഭാവവും മാറ്റാം .
ചുംബിക്കുമ്പോള്‍ ഇടക്ക് ഒരിത്തിരി നോട്ടി ആകണം. ദീര്‍ഘമായ ഒരു ഫ്രഞ്ച് കിസ്സിനു ശേഷവും പങ്കാളിയുടെ കീഴ്ചുണ്ടില്‍ ഒരു ചെറു കടി കൂടെ കൊടുത്തു നോക്കൂ . എപ്പോഴും ചുംബനം ചുണ്ടുകളിലും വദനത്തിലും മാത്രമായി ഒതുക്കിയാല്‍ ബോറടിക്കും. ചെവികള്‍, കഴുത്തിന്റെ പിന്പുറം, നെഞ്ചിലെ ഇക്ക്ളിപ്പെടുതുന്ന ഭാഗങ്ങളിലുമൊക്കെ ചുംബിക്കുന്നത് നല്ല രസമായിരിക്കും.
ചുംബനത്തിനെ പങ്കാളിയോടോത്തുള്ള ഒരു ഡാന്‍സായി സങ്കല്‍പ്പിക്കുക. ഇടക്ക് സ്വയം ലീഡ് എടുക്കുകയും പങ്കാളിക്ക് ലീഡ് എടുക്കുവാന്‍ അവസരം കൊടുക്കുകയും ചെയ്യണം. കുസൃതി കാട്ടിക്കൊണ്ട് ഇടക്കൊക്കെ ഒഴിഞ്ഞു മാറി പങ്കാളിയെ നന്നായി കൊതിപ്പിക്കണം. കണ്ണില്‍ കണ്ണില്‍ ദാഹത്തോടെ നോക്കി ചുംബിക്കാന്‍ സമ്മതിക്കുമോ എന്ന ടെന്‍ഷന്‍ ഉണ്ടാകണം. അപ്പോള്‍ കിട്ടുന്ന പിടിച്ചടക്കിയുള്ള ചുംബനത്തിനു മധുരം കൂടും.
ചുംബനത്തിന്റെ ഫോര്‍ പ്ലേ കണ്ണും കണ്ണും കൈമാറുന്ന അനുരാഗമാണ്, ഡിസയര്‍ ആണ്. ചുംബനത്തില്‍ പൂര്‍ണമായും കൊന്സേന്ട്രറ്റ് ചെയ്തു മനസ്സിനെ ഏകാഗ്രമാക്കി, ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ചു പങ്കാളിയെ നമ്മുടെ വഴിയില്‍ കൊണ്ടുവന്നു നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ചുംബനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാക്ടീസ് ചെയ്‌താല്‍ സാധിക്കും.

ഒരു മഹദ് വചനം കൂടെ പറഞ്ഞ് നിര്‍ത്തിയേക്കാം.
ചുണ്ടുകള്‍ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്
ആരെയും പുച്ഛിക്കാനായി അവയെ ഉപയോഗിക്കരുത്.
- ഷേക്‌സ്​പിയര്‍
ചുംബന സമരം








Monday, September 15, 2014

ഓര്‍മ്മകള്‍

മനസ്സ് ഒരു ഡാറ്റാ ബാങ്കാണ്.
ഓര്‍മ്മകളുടെ ഡാറ്റാ ബാങ്ക്.
ഓര്‍ക്കാന്‍ കൊതിക്കുന്നതും മറക്കാന്‍ ആഗ്രഹിക്കുന്നതുമായ ഒരു പാട് ഓര്‍മ്മകള്‍ സംഭരിച്ചു വച്ചിരിക്കുന്ന വലിയൊരു ഡാറ്റാ ബാങ്ക്.
ഓര്‍മ്മകള്‍ പലവിധം ...
നല്ലതും ചീത്തയുമായ ഓര്‍മ്മകള്‍
പോയ കാലത്തിന്റെ ബാക്കി പത്രമായ ഓര്‍മ്മകള്‍
നാം നേടിയെടുത്തതും നമുക്ക് നേടാന്‍ കഴിയാതെ പോയതുമായ ഒരു പാട് കാര്യങ്ങളെ കുറിച്ചുള്ള  ഓര്‍മ്മകള്‍ .....
നമ്മോടൊപ്പം ഇന്നുമുള്ളവരും ഇന്നലെകളില്‍ എവിടെയോ വച്ച് നമുക്ക് നഷ്ടപ്പെട്ടവരുമായ ഒരുപാട് ആളുകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ .....
നമുക്ക് സ്വന്തമാക്കാന്‍  കഴിയാതെ  പോയതും നമ്മുടെ മാത്രം  സ്വന്തമായവരുമായ ചിലരെ കുറിച്ചുള്ള ഓര്‍മ്മകള്‍ ....
നാം എന്നും ആരുമറിയാതെ മനസ്സില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ചില ബന്ധങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ....
നമ്മുടെ ജീവിതത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച് പോയ ചില സവിശേഷ വ്യക്തിത്വങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ....
നാം എന്നും മനസ്സിലിട്ട് താലോലിക്കാന്‍ ആഗ്രഹിക്കുന്ന ചില സ്വകാര്യ നിമിഷങ്ങളെകുറിച്ചുള്ള ഓര്‍മ്മകള്‍ ...
അവസാന ശ്വാസം വരെ നമ്മുടെ ജീവിതവുമായി അഭേദ്യമായി ബന്ധിക്കപ്പെട്ടിരിക്കുന്നു ആ ഓര്‍മ്മകള്‍ ...
ഓര്‍മ്മകളുമായി എന്തിന് പോരടിക്കണം?
ഓര്‍മ്മകളെ  അവയുടെ വഴിക്ക് വിട്ടേക്കുക.
മനസ്സിന്റെ ഒരു കോണില്‍ കഴിയാന്‍ അവയെ അനുവദിക്കുക.
ഓര്‍മ്മകളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുക.
ഇതുവരെയുള്ള ഓര്‍മ്മകളില്‍ കൈപ്പുള്ളതും  മധുരമുള്ളതും ഉണ്ടായിരിക്കാം .
എന്നാല്‍ അതിമധുരതരമായ ഓര്‍മ്മകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ .
ഇന്നലെകളുടെ കൈപ്പേറിയ  ഓര്‍മ്മകളുമായി പോരടിച്ച് ഇന്നിന്‍റെ ജീവിതം കൂടുതല്‍ കൈപ്പുള്ള ഓര്‍മ്മകള്‍ ആക്കാതിരിക്കുക.
ഇന്നലെകളിലെ മധുരമുള്ള ഓര്‍മ്മകളെ നമ്മുടെ ഇന്നിനെയും നാളെകളെയും മധുരതരമാക്കാന്‍ അനുവദിക്കുക.
ജീവിതം മുഴുവനായും ജീവിച്ചു തന്നെ തീര്‍ക്കുക.
നാം കരുതുന്നതിനെക്കാള്‍ അധികം അധികം സത്യത്തില്‍ നാമോരോരുത്തരും അര്‍ഹിക്കുന്നുണ്ട്.
അത് നേടിയെടുക്കാന്‍ ഒത്തിരി ആഗ്രഹിക്കുകയും ഒത്തിരിയൊത്തിരി പ്രവര്‍ത്തിക്കുകയും വേണമെന്ന് മാത്രം.




Wednesday, May 28, 2014

പുരുഷന്മാര്‍ക്ക് കല്ല്യാണം കഴിക്കാനുള്ള പത്ത് കാരണങ്ങള്‍


കല്യാണം കഴിക്കല്‍ കുട്ടിക്കളിയല്ല. അത് കൊണ്ട് തന്നെയാണ് 'കളിയല്ല കല്യാണം' എന്നൊരു ചൊല്ല് തന്നെ പഴമക്കാര്‍ നമുക്ക് സമ്മാനിച്ചത്. തമാശയ്ക്ക് ഇന്നേ വരെ ആരും കല്യാണം കഴിച്ച ചരിത്രമില്ല. ഇനി അങ്ങിനെ ആരെങ്കിലും തമാശയ്ക്ക് കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കൊക്കെ കാര്യമായി തന്നെ പണി കിട്ടിയിട്ടുമുണ്ടാകും.

കല്യാണം നടക്കുക നല്ലൊരു പങ്കാളിയെ കിട്ടുക എന്നതൊക്കെ ഒരു മഹാ ഭാഗ്യം തന്നെയാണ്, അതിനാണ് മാലയോഗം മംഗല്യ യോഗം എന്നൊക്കെ പറയുന്നത്.ഒന്നുകൂടെ വിശദമായി പറഞ്ഞാല്‍ "പങ്കാളിയില്‍ നിന്നും ദുരിതം" അഥവാ ആലങ്കാരികമായി പറഞ്ഞാല്‍ "ദാമ്പത്യ സുഖം" അനുഭവിക്കാന്‍ യോഗമുള്ളവര്‍ ഏതു പാതാളത്തില്‍ പോയി ഒളിച്ചാലും ആ  യോഗം അഥവാ ബാധ അവരെ തേടി വരിക തന്നെ ചെയ്യും. 

കല്യാണം കഴിക്കുന്നതിന് സ്ത്രീകള്‍ക്കായാലും പുരുഷന്മാര്‍ക്കായാലും ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട പൊതുവായ ഒരു കാരണം നിലവിലുണ്ടെങ്കിലും അതങ്ങ് തുറന്നു പറയാന്‍ മടിയായതിനാല്‍ പലരും അവരവര്‍ക്ക് സൌകര്യപ്രധമായ വിധത്തിലുള്ള വേറെ ചില കാരണങ്ങള്‍ പറയാറുണ്ട്‌. 

അങ്ങിനെയുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ വിഷമിക്കുന്ന ശുദ്ധ ഗതിക്കാരായ പുരുഷന്മാര്‍ക്ക് ഇതാ എളുപ്പം പറഞ്ഞു ഫലിപ്പിക്കാവുന്ന പത്ത് കാരണങ്ങള്‍.

                  Indian Marriage



* 1, നാട്ടില്‍ സാധാരണ എല്ലാവരും കല്ല്യാണം കഴിക്കുന്ന പ്രായമായി, അത് കൊണ്ട് ഒരു കല്യാണമങ്ങ് കഴിക്കാം.

* 2, തലയിലെ മുടിയൊക്കെ കൊഴിഞ്ഞു തുടങ്ങി , ഇനിയും വൈകിയാല്‍ ചിലപ്പോള്‍ പെണ്ണ് കിട്ടില്ല, അത് കൊണ്ട് ഇനിയും വച്ച് വൈകിക്കാതെ കെട്ടിയേക്കാം. (മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്ക്)

* 3, സുഹൃത്തുക്കളൊക്കെ പെണ്ണുകെട്ടി , അത് കൊണ്ട് ഞാനും കെട്ടുന്നു.

* 4, സിംഗിള്‍ ആയി ജീവിച്ചു ബോറടിക്കുന്നു, അത് കൊണ്ട് അങ്ങ് കെട്ടിയേക്കാം ( കെട്ടിയാല്‍ പിന്നെ ഒറ്റയ്ക്ക് ബോറടിക്കേണ്ട, ബോറടിക്കാനും ആകുമല്ലോ ഒരു കൂട്ട്).

*5, പഠനം കഴിഞ്ഞു, ജോലിയും കിട്ടി, ജോലി സമയം കഴിഞ്ഞ് ഇഷ്ടം പോലെ സമയം !!! ഇനി എന്തു ചെയ്യും? ങാ പെണ്ണ് കെട്ടിയേക്കാം ( പാര്‍ട്ട് ടൈം ജോബ്‌ പോലെ).

* 6, വേഗം പെണ്ണ് കെട്ടിയാല്‍ വേഗം അച്ചനാവാം, വയസ്സ് കാലത്ത് മക്കള്‍ നോക്കിക്കൊള്ളും, അത് കൊണ്ട് ഞാന്‍ കെട്ടുന്നു.

* 7, അനിയന്മാര്‍ക്ക് കെട്ടാന്‍ തിടുക്കമായി, ഇനി കെട്ടാതെ രക്ഷയില്ല, അതു കൊണ്ട് കീഴടങ്ങിയേക്കാം.

*8, അയല്‍ക്കാരും ബന്ധുക്കളുമൊക്കെ ചോദിച്ചു തുടങ്ങി, "ഇങ്ങിനെയൊക്കെ നടന്നാല്‍ മതിയോ" എന്ന്, ഇനി കെട്ടാതെ രക്ഷയില്ല.

*9, കല്യാണം കഴിക്കുക, ഭാര്യയേയും കുട്ടികളെയുമൊക്കെ സംരക്ഷിക്കുക എന്നത് ഒരു പുരുഷന്റെ കടമയാണ്. അപ്പോള്‍ പിന്നെ കെട്ടാതെ പറ്റില്ലല്ലോ.

*10, മുത്തശ്ശിയുടെ(അല്ലെങ്കില്‍ മുത്തച്ഛന്റെ) അവസാനത്തെ ആഗ്രഹമാണ് ഞാന്‍ കല്യാണം കഴിച്ചു കണ്ടിട്ട് മരിക്കണമെന്നത് .

വാല്‍ക്കഷണം: പെണ്ണു കെ(കി)ട്ടാത്തവര്‍ക്ക് ആയിരം കാരണങ്ങള്‍ ഉണ്ടായേക്കാം സ്വയം ന്യായീകരിക്കാന്‍, എന്നാല്‍ അറിയുക, പെണ്ണ് കെട്ടാനും കാണും പതിനായിരം കാരണങ്ങള്‍, ഞാന്‍ അതില്‍ നിന്നും വെറും പത്തെണ്ണം പറഞ്ഞെന്നേയുള്ളൂ

Indian Marriage

Wednesday, May 21, 2014

വീണ്ടും ക്ലാസ്‌മേറ്റ്സ്

ലാല്‍ ജോസിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌ ചിത്രമായ "ക്ലാസ്‌മേറ്റ്‌സി"ന്‍റെ ഒരു ഫണ്ണി രണ്ടാം ഭാഗത്തിനുള്ള ത്രെഡ്  എന്റെ ഭാവനയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ.

ലാല്‍ ജോസ് മാപ്പ് തരട്ടെ.

മുരളിയുടെ മരണത്തിനു പിന്നില്‍ ആരും അറിയാതെയിരുന്ന നിഗൂഡതയുടെയും   പര്‍ദ്ദക്കാരി റസിയയ്ക്ക് മുരളിയുമായുണ്ടായിരുന്ന പ്രണയ രഹസ്യത്തിന്റെയും ചുരുളഴിച്ചും അതോടൊപം സുകുവിന്റെയും താരാ കുറുപ്പിന്റെയും തെറ്റിദ്ധാരണകള്‍ തീര്‍ത്തുമാണല്ലോ ഒന്നാം ഭാഗം ലാല്‍ജോസ് നിര്‍ത്തിയത്.

മടങ്ങി വന്നു താരാകുറുപ്പിനെ കല്യാണം കഴിക്കാം എന്നു പറഞ്ഞ് സുകു ഉത്തരേന്ത്യയിലേക്ക് തിരികെ പോകുന്നു.
താര കാത്തിരുന്നു. വര്‍ഷങ്ങളോളം ...
പക്ഷേ സുകു വന്നില്ല.
എല്ലാവരും സുകുവിനായി ഒരു പാട് അന്വേഷണങ്ങള്‍ നടത്തി,
പക്ഷെ ഫലമുണ്ടായില്ല.

താര തന്റെ ഡാന്‍സ് സ്‌കൂളുമായി ജീവിതം തള്ളി നീക്കി.റസിയ അയ്യര്‍ സാറിനും ലക്ഷ്മി ടീച്ചര്ക്കുമൊപ്പം മുരളിയുടെ ഓര്‍മ്മകളില്‍ മുഴുകി തന്റെ ജീവിതവും തള്ളി നീക്കി. 
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‍ അയ്യര്‍ സാറും പിന്നെ ലക്ഷ്മി ടീച്ചറും മരണമടഞ്ഞു. പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി

സതീശന്‍ കഞ്ഞിക്കുഴി കേന്ദ്ര മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്തിയായി. അദ്ദേഹത്തിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് മാനെജ്മെന്റ് ഒരിക്കല്‍ കൂടി കേന്ത്രമന്ത്രിയുടെ പഴയ കോളേജ് ബാച്ചിന്റെ ഒരു കൂടിച്ചേരല്‍ ഒരുക്കുന്നു .
അങ്ങിനെ താരയും റസിയയും ബിബിസിയും പയസും ഉള്‍പ്പെടെ പഴയ കോളേജ്മേറ്റ്സില്‍ ഭൂരിഭാഗം പേരും വീണ്ടും ഒത്തു ചേരുന്നു. അവിവാഹിതകളായ താരയ്ക്കും റസിയക്കുമൊപ്പം കൂട്ടായി ഒത്തു ചേര്‍ന്നവരില്‍ ചിലരൊക്കെ വിധവകളും വിഭാര്യന്മാരുമൊക്കെ ആയി തീര്‍ന്നിരിക്കുന്നു.
കഥയ്ക്ക് അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചുകൊണ്ട് ഒരു വൃദ്ധന്‍ സംഗമത്തിലേക്ക് കടന്നു വരുന്നു.
അത് മറ്റാരുമല്ല,
നമ്മുടെ സുകു !!!!.
ഇത്തവവണയും സുകുവിന് പറയാനുണ്ടായിരുന്നു വിധി എന്ന വില്ലന്റെ ക്രൂരതകളുടെ കഥ.

തന്റെ ബിസിനസുകള്‍ എല്ലാം സെറ്റില്‍ ചെയ്ത് വരാനായി ഉത്തരേന്ത്യയിലേക്ക് പോയ സുകു ഒരു അപകടത്തില്‍ പെട്ട് ഓര്‍മ്മ ശക്തി നഷ്ടപ്പെട്ടതായിരുന്നു.
കേന്ദ്രമന്ത്രി സതീശന്‍ കഞ്ഞിക്കുഴിയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടക്കാന്‍ പോകുന്ന കോളേജ് മേറ്റ്സിന്റെ സംഗമത്തിന്റെ വാര്‍ത്തകള്‍ ദേശീയ ദൃശ്യ മാധ്യമങ്ങളില്‍ വരികയും അതിന്റെ ഭാഗമായി മുന്പ് 2006 ല്‍ നടന്ന സംഗമത്തിന്റെ ഫോട്ടോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലൂടെ കാണിക്കുകയും ചെയ്തിരുന്നു. അത് കണ്ടാണ്‌ സുകുവിന് ഓര്‍മ്മ തിരിച്ചു കിട്ടിയത്. അങ്ങിനെ സഹപാഠികള്‍ എല്ലാവരും വീണ്ടും ആനന്ദക്കണ്ണീര്‍ വാര്‍ത്തു.

ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് തിരക്കൊഴിഞ്ഞപ്പോള്‍ സുകു താരയോട് ചോദിച്ചു:
" ആ പഴയ ഉണ്ടക്കണ്ണുകാരിയെയും പൊടിമീശക്കാരനെയും തോല്‍പ്പിക്കാന്‍ ഇനിയും വിധിയെ അനുവദിക്കരുത്. Will you marry me?"
താര നാണത്തോടെ മൊഴിഞ്ഞു: "Yes I will"

രാത്രി വൈകുവോളം രണ്ടു പേരും എന്തെല്ലാമോ സംസാരിച്ചിരുന്നു. അങ്ങിനെ പിറ്റേന്ന് കാണാം എന്ന ധാരണയോടെ രണ്ടു പേരും അവരവരുടെ മുറികളിലേക്ക് പോയി , സുകുവിന് പക്ഷെ ഉറക്കം വന്നില്ല, അയാള്‍ താരയെ കുറിച്ചു തന്നെ ഓര്‍ത്ത്‌ കിടന്നു, സുകുവിന്റെ ഓര്‍മ്മകള്‍ പഴയ കോളേജ് കാലത്തെ രംഗങ്ങളിലൂടെയും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടു ഒത്തു ചേര്‍ന്നപ്പോഴുള്ള സംഭവങ്ങളിലൂടെയും സഞ്ചരിച്ച് ഏറ്റവും അവസാനം തങ്ങള്‍ വീണ്ടും സംഗമിച്ച അന്നത്തെ പകലിലെ ദൃശ്യങ്ങളിലെത്തിയപ്പോള്‍ സുകുവിന്റെ ഓര്‍മ്മകള്‍ എന്തിലോ തട്ടി തടഞ്ഞു വീണു.
ഏതോ അനിശ്ചിതത്വത്തിന്റെ കയങ്ങളില്‍ അയാളുടെ ഓര്‍മ്മകള്‍ പിടഞ്ഞു. "തന്റെ വിവാഹാഭ്യര്‍ഥനക്ക് ഇന്ന് താര എങ്ങിനെയാണ് പ്രതികരിച്ചത്?" Yes എന്നോ അതോ No എന്നോ?
അയാള്‍ക്ക്‌ ഓര്‍ത്തെടുക്കാനായില്ല.
ചിന്തിച്ചു ചിന്തിച്ച് അയാള്‍ക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
അങ്ങിനെ അയാള്‍ മൊബൈല്‍ എടുത്ത് താരയെ വിളിച്ചു ചോദിച്ചു:
ഇന്ന് വൈക്കിട്ട് ഞാന്‍ "Will you marry me?" എന്ന് ചോദിച്ചപ്പോള്‍ നീ എന്താണ് മറുപടി പറഞ്ഞത്? Yes എന്നോ അതോ No എന്നോ?
താര ഉത്സാഹത്തോടെ മറുപടി പറഞ്ഞു : "എന്റെ പൊടിമീശക്കാരാ , എത്ര ശുദ്ധനാണ് നിങ്ങള്‍? ഞാന്‍ Yes എന്ന് തന്നെയാണ് പറഞ്ഞത്. അത് ശരിക്കും മനസ്സില്‍ തട്ടി തന്നെയാണ് ഞാന്‍ പറഞ്ഞതും."
"ഹോ സമാധാനമായി....,
എന്തോ നീ എന്താണ് പറഞ്ഞതെന്ന് ഞാന്‍ മറന്നു പോയി, സത്യത്തില്‍ അത് അറിയാതെ എനിക്ക് ഭ്രാന്തു പിടിക്കുകയായിരുന്നു"
താരയും ആശ്വാസത്തോടെ മറുപടി പറഞ്ഞു:
"എനിക്കും.....,
നീ ഇപ്പോള്‍ ഇത് വിളിച്ച് ചോദിച്ചില്ലെങ്കില്‍ ഞാനും ഭ്രാന്ത് പിടിച്ച് മരിച്ചേനെ. സത്യത്തില്‍ ഞാന്‍ Yes എന്നാണ് മറുപടി പറഞ്ഞതെന്ന് എനിക്ക് നല്ല ഓര്‍മ്മയുണ്ടായിരുന്നു, പക്ഷെ ആരാണ് എന്നോട് "Will you marry me?" എന്ന് ചോദിച്ചതെന്ന കാര്യം എനിക്ക് ഓര്‍മ്മയില്ലായിരുന്നു"


ക്ലാസ്മേറ്റ്സ്