Friday, September 11, 2015

വാത്സല്യം



1995 ല്‍ പ്രവാസിയായി ആദ്യമായി സൌദിയില്‍ പോയ കാലം .....

24 മണിക്കൂറും തുറന്ന്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആയിരുന്നു ആദ്യ ജോലി.ജോലിയില്‍ കയറിയ ആദ്യ കുറച്ചു ദിവസങ്ങളില്‍ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു.




ജോലി സ്ഥലത്ത് നിന്നും റോഡൊന്നു മുറിച്ചു കടന്നാല്‍ താമസ സ്ഥലത്തെത്താം ,താമസ സ്ഥലം എന്നു പറഞ്ഞാല്‍ രണ്ടു മുറികള്‍ , ഒരു മുറിയില്‍ ഞങ്ങള്‍ ആറു പേര്‍ ഷിഫ്റ്റ്‌ സമ്പ്രദായം ആയതിനാല്‍ ഞങ്ങള്‍ മൂന്നു പേരേ ഒരേ സമയം മുറിയില്‍ കാണൂ .മറ്റേ മുറിയില്‍ ആ കെട്ടിടത്തിനു താഴെ പ്രവര്‍ത്തിക്കുന്ന അറബികള്‍ക്ക് ഖൈമ (കൂടാരം) കെട്ടിക്കൊടുക്കുന്ന സ്ഥാപനത്തിലെ തിരോന്തരത്തുകാരായ മൂന്നുചേട്ടന്മാര്‍ . ആ സ്ഥാപനത്തിന്റെ മുതലാളിയുടെ തന്നെയാണ് കെട്ടിടവും.

ജോലി കഴിഞ്ഞു എട്ടു മണിക്ക് റൂമില്‍ എത്തി ചായയിട്ടു നാഷ്‌ത്ത കഴിച്ചു കഴിഞ്ഞാല്‍ പിന്നെ എല്ലാവര്ക്കും ഉച്ച ഭക്ഷണം ഉണ്ടാക്കണം ,തുടക്കക്കാരന്‍ ആയതിനാല്‍ മറ്റു രണ്ടു പേര്‍ക്കും ചില്ലറ സഹായങ്ങള്‍ എന്തെങ്കിലും ചെയ്‌താല്‍ മതിയാവും. അപ്പോഴേക്കും അടുത്ത മുറിയിലുള്ള എല്ലാവരും ജോലിക്ക് പോയിക്കാണും ഫുഡ്‌ റെഡിയായിക്കഴിഞ്ഞാല്‍ കുളിയും നനയും കഴിഞ്ഞു ഫുഡും കഴിച്ചേ ഉറങ്ങൂ ,ഇടയ്ക്ക് ഡേ ശിഫ്റ്റുകാര്‍ വന്നു ശാപ്പാടടിച്ച് പോകും,രാത്രി എട്ടു മണിക്ക് വീണ്ടും ഡ്യൂട്ടിക്ക് പോകുന്നതിനു മുന്പ് രാതി ഭക്ഷണമായ കുബ്ബൂസിലെക്കുള്ള കറിയും ഉണ്ടാക്കണം.



ഇതൊക്കെ പറയാന്‍ കാരണം കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എനിക്ക് ഡേ ഡ്യൂട്ടിക്കുള്ള അവസരം ലഭിച്ചു. അപ്പോഴാണ്‌ കഥയിലെ ശരിക്കുള്ള സംഭവത്തിലേക്ക് വെളിച്ചം വീശുന്നത് .

ഡേ ഷിഫ്റ്റില്‍ കൂടെ ഉണ്ടായിരുന്നത് എന്നെക്കാളും മുതിര്‍ന്ന രണ്ട് പേര്‍ .ഒരാള്‍ കൊല്ലം സ്വദേശി, ഒരാള്‍ മംഗലാപുരം . രണ്ടു പേര്‍ക്കും ഒരേ പേര്. അത് കൊണ്ടാവാം അവരെ ആരും പേര് വിളിച്ചിരുന്നില്ല , കൊല്ലത്തുകാരന്‍ ആശാന്‍ "കാക്കാ" എന്നും മംഗലാപുരംകാരന്‍ " ഇച്ചാ" എന്നുമാണ് അറിയപ്പെട്ടിരുന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു എത്തുമ്പോള്‍ അടുത്ത മുറിയിലെ ചേട്ടന്മാര്‍ ജോലി കഴിഞ്ഞു വന്നു കാണും . കുളിച്ച് കുബ്ബൂസ് കഴിച്ചു കഴിഞ്ഞാല്‍ .എല്ലാവരും കൂടെ അടുത്ത മുറിയിലേക്ക് പോകും, അവിടെ ഏതെങ്കിലും മലയാളം സിനിമയുടെ വീഡിയോ കാസറ്റ് ഇട്ടു കാണുന്നുണ്ടാവും ,( അന്ന് സിഡിയും സിഡി പ്ലേയറും പ്രചാരത്തിലില്ല ) ചിലപ്പോള്‍ കണ്ട സിനിമയായിരിക്കും എന്നാലും കുറച്ചു നേരം അത് കണ്ടിരുന്ന ശേഷമേ ഉറങ്ങാന്‍ പോകൂ.

ഒരു ദിവസം സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ എനിക്ക് മനസിലാവാത്ത വിധത്തില്‍ എല്ലാവരും കൂടെ എന്തോ കുശുകുശുക്കുന്നുണ്ടായിരുന്നു, സിനിമ അവസാനിച്ച് ഞാന്‍ എഴുന്നേറ്റപ്പോള്‍ കാക്കായും ഇച്ചായും പറഞ്ഞു :
"നീ പോയി ഉറങ്ങിക്കോ , ഞങ്ങള്‍ ഒരു സിനിമ കൂടെ കണ്ടിട്ടേ വരൂ,"

എനിക്ക് ഉറക്കം വന്നു തുടങ്ങിയതിനാല്‍ ഞാന്‍ എഴുന്നേറ്റു പോരുമ്പോള്‍ ചുമ്മാ ചോദിച്ചു,:
"ഏതാ അടുത്ത സിനിമ?"

അടുത്ത മുറിയിലെ മുതിര്‍ന്ന ചേട്ടന്‍ പറഞ്ഞു,
"വാത്സല്യം !!! "
"ഓ മമ്മുട്ടിയുടെ വാത്സല്യം അല്ലെ, ഞാന്‍ കണ്ടതാ " എന്ന് പറഞ്ഞു ഞാന്‍ പോന്നു.

പിന്നെയും ചില ദിവസങ്ങളില്‍ ഇടയ്ക്കിടെ ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു, ഇടയ്ക്കിടെ അവര്‍ എല്ലാവരും കൂടെ പറയും :
"വാത്സല്യം ഒന്ന് കൂടെ കാണണം നല്ല പടമാണ്, നീ കണ്ടതല്ലേ, ഉറക്കമിളക്കേണ്ട പോയി ഉറങ്ങിക്കോ."

കുറെ തവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ മറ്റേ ഷിഫ്റ്റു കരോട് ഇത് സൂചിപ്പിച്ചു, "ഇവര്‍ എത്ര പ്രാവശ്യമാണ് വാത്സല്യം എന്ന സിനിമ കാണുന്നത് , സംഗതി നല്ല സിനിമ തന്നെയാണ് എന്ന് വച്ചു ഇത്ര മാത്രം തവണ കണ്ടാല്‍ ബോറടിക്കില്ലേ?"

അവര്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു , "ഹ ഹ ഹ അവര്‍ കാണുന്ന വാത്സല്യം എത്ര തവണ കണ്ടാലും ബോറടിക്കില്ല, ഓരോ തവണയും ഓരോ ഭാഷയിലുള്ള വാത്സല്യമാണ് അവര്‍ കാണുന്നത് , വേണമെങ്കില്‍ ഒരു ദിവസം നീയും ഇരുന്നു ഒന്ന് കണ്ടു നോക്ക്."

എന്നാല്‍ പിന്നെ അതൊന്നു അറിയണമല്ലോ .അങ്ങിനെ അടുത്ത തവണ അവര്‍ വാത്സല്യം കാണാനിരുന്ന ദിവസം ഞാനും ഇരുന്നു, അന്ന് ഇംഗ്ലീഷ് വാത്സല്യം ആയിരുന്നു, അതിനു ശേഷം ഇടയ്ക്കിടെ ഞാനും വാത്സല്യം കാണുമായിരുന്നു, ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം, തുടങ്ങി വിവിധ ഭാഷകളില്‍ ..







വാല്‍ക്കഷണം : നമ്മുടെ കൊല്ലം കാക്കാ രഹസ്യമായി ഒരു വീഡിയോ കാസറ്റ് സൂക്ഷിച്ചിരുന്നു, ഇടയ്ക്കിടെ അത് അദ്ദേഹം ഒറ്റക്ക് ഇരുന്നു കാണുമായിരുന്നു. അത് ഏതു ഭാഷയില്‍ ഉള്ള വാത്സല്യം ആണെന്ന് അറിയാന്‍ വേണ്ടി ഒരിക്കല്‍ അദ്ദേഹം അത് കാണുമ്പോള്‍ ഞാനുംപതിയെ ചെന്നു. ആ കാസറ്റിന്റെ പിന്നിലെ കഥയറിഞ്ഞാല്‍ അദ്ദേഹത്തോട് നിങ്ങള്‍ക്ക് ശരിക്കും വാത്സല്യം തോന്നും .
അദ്ദേഹത്തിന്റെ പഴയ കാമുകിയുടെ കല്യാണ വീഡിയോ ആയിരുന്നു അത്!!!!.

Friday, May 29, 2015

ബാബ്വേട്ടന്റെ ചലനാനുഭവ കുറിപ്പിനൊരു അടിക്കുറിപ്പ് .


ഒരു വസ്തുവിന് മറ്റു വസ്തുക്കളിൽ നിന്നുമുള്ള ദൂരത്തിനു തുടര്‍ച്ചയായി വ്യതാസം വരുമ്പോൾ അത് ചലിക്കുന്നതായി കണക്കാക്കപ്പെടുന്നു.
പ്രപഞ്ചത്തിലുള്ള സകല പദാർത്ഥങ്ങളും അവയുടെ പരമാണുക്കളും ചലിക്കുന്നു, തികച്ചും അചഞ്ചലമായ ഒരു പദാർത്ഥവും ഈ പ്രപഞ്ചത്തിലില്ല .പദാർത്ഥത്തിൻറെ സ്ഥായിയായ ഒരു സ്വഭാവമാണ് ചലനം അഥവാ ഗതി.
ഏതു വിധത്തിൽ ചലനം അഥവാ ഗതി ആപേക്ഷികമാണോ അതുപോലെ സ്ഥിതിയും ആപേഷികമാണ് . ഒരു കെട്ടിടം , ഉദാഹരണമായി ദുബായിലെ ബുര്‍ജ് ഖലീഫയെ എടുക്കാം, ചുറ്റുമുള കെട്ടിടങ്ങളെയോ ഭുമിയെയോ അപേക്ഷിച്ചുനോക്കുമ്പോൾ ബുര്‍ജ് ഖലീഫ നിശ്ചലമാണ്, എന്നാല്‍ അതിനടുത്തുള്ള റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെയോ അല്ലെങ്കില്‍ സുര്യനേയോ ചന്ദ്രനേയോ അപേക്ഷിച്ചു നോക്കുമ്പോൾ ബുര്‍ജ് ഖലീഫ ചലിക്കുന്നുണ്ട്, അതായതു ബുര്‍ജ് ഖലീഫയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു.
അപ്പോള്‍ ചലനം ഒരു സ്ഥായിയായ സ്വഭാവമാണ് എന്നിരിക്കെ ബാബ്വേട്ടന് ഉണ്ടായ ചലനവും തികച്ചും ആപേക്ഷിമാണ് എന്നേ പറയാനാകൂ.
ബാബ്വേട്ടന്റെ ചലനക്കുറിപ്പിന്റെ തുടര്‍ചലനങ്ങള്‍ എന്നപോലെ സ്വലിംഗക്കാരുടെയും എതിര്‍ ലിംഗക്കാരുടെയുമൊക്കെ ഇടയില്‍ നിന്നുമുണ്ടായ ചെറിയ ചില എതിരഭിപ്രായ ചലനങ്ങളും ആപേക്ഷികം മാത്രം.
ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭൂചലനങ്ങളും തുടര്‍ചലനങ്ങളുമൊക്കെ പോലെ പത്രക്കാരെയും സോഷ്യല്‍ മീഡിയാ ജീവികളെയും സംബന്ധിച്ചിടത്തോളം ബാബ്വേട്ടന്റെ ചലനവും കേവലം ചലനമുണ്ടാക്കാവുന്ന ഒരു വാര്‍ത്ത, അല്ലെങ്കില്‍ വാര്‍ത്ത സൃഷ്ടിച്ച ഒരു ചലനം മാത്രം.
ഇനി ചലനാനുഭവ കുറിപ്പിന്റെ തുടര്‍ ചലനങ്ങളുടെ ഭാഗമായി ബാബ്വേട്ടന്റെ ഔദ്യോകിക സ്ഥാനത്തിനു ചലനം ഉണ്ടാവുകയാണെങ്കില്‍ അതും ആപേക്ഷികമാണ് എന്നെ പറയാനാകൂ.
ചലനം ചലനം ചലനം.....
മാനവ ജീവിത പരിണാമത്തിന്‍ മയൂരസന്ദേശം
ചലനം ചലനം ചലനം.....

Monday, March 16, 2015

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം



ഓര്‍മ്മകള്‍ ....
ചില ഓര്‍മ്മകള്‍ വര്‍ണ്ണാഭവും മധുരിക്കുന്നതും വീണ്ടും ഓര്‍ക്കാന്‍ കൊതിക്കുന്നതുമായിരിക്കാം ..
ചില ഓര്‍മ്മകള്‍ നോവുണര്‍ത്തുന്നതും മറക്കാന്‍ ആഗ്രഹിക്കുന്നതും ...
സുഖ ദുഃഖ സമിശ്രമായ ഓര്‍മ്മകളുടെ ആകെത്തുകയെയാണ്‌ ജീവിതം എന്ന് വിളിക്കുന്നത്.

            ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

ഓര്‍മ്മകള്‍ മധുരതരമാകട്ടെ കൈപ്പേറിയവയാവട്ടെ,
ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് ഓര്‍മ്മകള്‍ കൂടിയേ തീരൂ ....
നമ്മള്‍ കരഞ്ഞ ചില നിമിഷങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ജീവിത വഴികളില്‍ പിന്നീട് നമ്മെ ചിരിപ്പിച്ചേക്കാം...
നമ്മള്‍ പൊട്ടിച്ചിരിച്ച ചില നിമിഷങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പിന്നീട് നമ്മെ കരയിപ്പിക്കുകയും ചെയ്തേക്കാം ...
അത് കൊണ്ടാണ് ഓര്‍മ്മകള്‍ എന്നും സവിശേഷകരമാകുന്നത്.
അത് തന്നെയാണ് ജീവിതത്തിന്റെ സൌന്ദര്യവും.
കാലം ഓര്‍മ്മകളുടെ മേല്‍ നിഴലുകള്‍ വീഴ്ത്തിയേക്കാം..
പുതിയ ഓര്‍മ്മകള്‍ പഴയ ഓര്‍മ്മകളുടെ വ്യക്തതയില്‍ മാറ്റങ്ങളും വരുത്തിയേക്കാം.
എന്നാല്‍ ഓര്‍മ്മകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ച് നോക്കൂ..
ഓര്‍മ്മകള്‍ നഷ്‌ടപ്പെടുമ്പോഴുണ്ടാകുന്ന ശൂന്യത വാക്കുകള്‍ക്ക്‌ അതീതമായിരിക്കും.നമ്മള്‍ താലോലിക്കുന്ന സുന്ദരമായ ഓര്‍മ്മകള്‍ മറവിയുടെ ഇരുളില്‍ ആഴ്‌ന്നിറങ്ങി അലിഞ്ഞില്ലാതാകുന്ന അവസ്‌ഥ ഭയാനകമാണ്‌.
Displaying IMG_3496.JPG

                              
                                   മനസ്സെന്ന ആല്‍ബത്തില്‍ ഒളി മങ്ങാത്ത ചിത്രങ്ങളായി മരിക്കുവോളം സ്വന്തം ഓര്‍മ്മകളെ സൂക്ഷിക്കാനും മരിച്ചാലും നമുക്ക് പ്രിയപ്പെട്ടവരുടെയൊക്കെ ഓര്‍മ്മകളുടെ ആല്‍ബങ്ങളില്‍ അവരെന്നും കാണാന്‍ കൊതിക്കുന്ന ഒരു ചിത്രമായി ജീവിക്കാനും കഴിഞ്ഞാല്‍ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകും.